02:54pm 22 October 2026
NEWS
കൊല്ലത്ത് ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറെ മർദിച്ചു; റൂമിൽ കഞ്ചാവും; യുവ ഡോക്ടർ റിമാൻഡിൽ
22/10/2026  01:18 PM IST
nila
കൊല്ലത്ത് ഹോട്ടൽ മുറിയിൽ വനിതാ ഡോക്ടറെ മർദിച്ചു; റൂമിൽ കഞ്ചാവും; യുവ ഡോക്ടർ റിമാൻഡിൽ

 

കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29) ആണ് 14 ദിവസത്തെ റിമാൻഡിലായത്.

അജാസ് തന്നെ മർദിച്ചെന്നാരോപിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചതിനും വനിതാ ഡോക്ടറെ മർദിച്ചതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് അജാസിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തിൽ ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്. കഞ്ചാവ് കൈവശം വച്ചതിന് വനിതാ ഡോക്ടറെയും അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു.

ചൊവ്വാഴ്ച അർധരാത്രി 12.20ഓടെയാണ് സംഭവം. അജാസും വനിതാ ഡോക്ടറും കൊല്ലത്തെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തിരുന്നു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായി. മുറിയിൽനിന്ന് സ്ത്രീയുടെ നിലവിളി കേട്ട ഹോട്ടൽ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് സ്ഥലത്തെത്തിയ കൺട്രോൾ റൂം പൊലീസ് മുറി തുറന്ന് അജാസിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. എന്നാൽ ഇയാൾ പൊലീസിനെ അസഭ്യം പറയുകയും ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തതായാണ് വിവരം. പിന്നീട് കൂടുതൽ പൊലീസുകാരെത്തിയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.

മുറിയിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഇത് ഉപയോഗിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. അറസ്റ്റിലാകുന്ന സമയത്ത് അജാസ് ലഹരി ഉപയോഗിച്ചിരുന്നോ എന്ന കാര്യം വൈദ്യപരിശോധനാ ഫലം ലഭിച്ചശേഷമേ വ്യക്തമാകൂവെന്ന് കൊല്ലം വെസ്റ്റ് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kasaragod
img